Friday, June 29, 2007

കേള്‍വി

സത്യമേവ ജയതേ!

മഹാത്മാവേ ഞങ്ങളോടു പൊറുക്കേണമേ!
അങ്ങ് പറഞ്ഞതൊന്ന്‌; ഞങ്ങള്‍ കേട്ടത് മറ്റൊന്ന്‌.
(ഞങ്ങളുടെ കേള്‍വിക്കെന്തോ പ്രശ്നമുണ്ടായിരുന്നുവോ?)

അങ്ങ് അഹിംസ എന്നു പറഞ്ഞു; പക്ഷെ ഞങ്ങള്‍‍ 'അ' കേട്ടില്ല
അങ്ങയെത്തന്നെ തട്ടിയത് അതുകൊണ്ടാണ്. സോറി.

സത്യാന്വേഷണം സത്യാഗ്രഹം എന്നൊക്കെ അങ്ങ് പറഞ്ഞപ്പോള്‍
ഞങ്ങള്‍ കേട്ടത് സദ്യ എന്നായിപ്പോയി.
തീറ്റ വിട്ടു കളിക്കാത്തത് അതുകൊണ്ടാണ്.

നിരാഹാരം എന്നു പറഞ്ഞുവല്ലേ? നീരാഹാരം എന്നു കേട്ടപ്പോള്‍ സന്തോഷമായി.
ഒരേ വെള്ളമടി അതുകൊണ്ടാണ് മഹാത്മാവേ!

ലളിതജീവിതം, സ്ത്രീപൂജ എന്നൊക്കെ പറയാന്‍ ആരു പറഞ്ഞു?
ലളിത, സ്ത്രീ ഇതു മാത്രമേ ഞങ്ങള്‍ കേട്ടുള്ളൂ."

എന്റെ ജീവിതമാണ് എന്റെ സന്ദേശം അല്ലേ?"
എസ്.എം.എസ്, ഇമെയില്‍ സന്ദേശങ്ങളിലാണ് ഇപ്പോള്‍ ജീവിതം ഗുരുവേ!

കാലത്തിന്റെ കൈയില്‍നിന്ന് ചെപ്പക്കുറ്റിക്ക് ഒരെണ്ണം കിട്ടിയപ്പോള്‍
കേള്‍വി ശരിയായപോലെ.

പണ്ട് കേള്‍ക്കാതെ പോയ ആ 'അ' ഇപ്പോഴാണ് കേട്ടത്.

അസത്യമേവ ജയതേ