ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീതിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍
ലാല്‍ സലാം ലാല്‍ സലാം
മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുംമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്
നട്ടു കന്നു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികള്‍ ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തു കോടി മാനുഷര്‍
പോരടിച്ചു കൊടി പിടിചു നേടിയതീ മോചനം
സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ
രക്ത സാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന്‍ ചില്ലിടുഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ
ലാല്‍ സലാം ലാല്‍ സലാം
പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴിപിഴച്ചു പോയിടാതെ മിഴി തെളിചു നൊക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാള്‍ വഴിയിലെന്നും അമര ഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ