Sunday, February 14, 2010

രാഗമാലിക

പ്രിയരേ,

നാം ശാസ്ത്രീയമായി സംഗീതത്തെ നിരീക്ഷിക്കുന്ന,രാഗങ്ങളുടെ അറിവുകളിലൂടെ സൂക്ഷ്മമായ സംഗീതജ്ഞാനത്തിലേക്കു വഴി തുറക്കുന്ന ഒരു പംക്തി “രാഗമാലിക“ എന്ന പേരിൽ ആരംഭിക്കുകയാണ്.അതിനു പ്രാ‍രംഭമായി,സംഗീതത്തിന്റെ ശാസ്ത്രീയഘടകങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിൽ, ശാസ്ത്രീയസംഗീതത്തിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികസംജ്ഞകളെ കഴിയുന്നത്ര ലളിതമായും ചുരുക്കിയും ഒന്നു പരിചയപ്പെടുത്തുകയാണ്.തുടർന്ന്,സംഗീതത്തെ വ്യവച്ഛേദിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുന്നവർക്ക് ഇതു സഹായകമാകുമെന്നു കരുതുന്നു.

സംഗീതം

ഹൃദയാവർജ്ജകമായ ശബ്ദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ലളിതകലയാണ് ഇവിടെ സംഗീതം എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്നത്.സുശ്രാവ്യങ്ങളായ ശബ്ദസമൂഹങ്ങളെക്കൊണ്ട് ഹൃദയത്തിൽ ഉൽകൃഷ്ടവികാരങ്ങളുളവാക്കി ആനന്ദം ജനിപ്പിക്കുകയാണ് സംഗീതം ചെയ്യുന്നത്.‌“പശുർവേത്തി ശിശുർവേത്തി വേത്തി ഗാനരസം ഫണീ” (മൃഗവും ശിശുവും സർപ്പവും സംഗീതമാസ്വദിക്കുന്നു) എന്നു നാം പണ്ടേ കരുതിപ്പോന്നു.സർവ്വാശ്ലേഷിയായ കലയാണ് സംഗീതം.ഗാന്ധർവ്വമെന്ന പേരിൽ ഒരു ഉപവേദമായി സംഗീതത്തെയും നാം സ്വീകരിച്ചിട്ടുണ്ട്.

സംഗീത വിഭാഗങ്ങൾ

സംഗീതത്തെ പൊതുവേ മാർഗം എന്നും ദേശീ എന്നും രണ്ടാക്കി തിരിക്കാം.യാഗകാര്യങ്ങളിൽ പ്രയോഗിക്കപ്പെടുന്ന വൈദികസംഗീതത്തെ മാർഗിയെന്നും,ലോകത്തിൽ ഗായകന്മാരാൽ പ്രയോഗിക്കപ്പെടുന്ന സംഗീതത്തെ ദേശിയെന്നും സംഗീതദാമോദരമെന്ന ലക്ഷണഗ്രന്ഥത്തിൽ പറയുന്നു.എന്നാൽ,ശാർങ‌ദേവന്റെ സംഗീതരത്നാകരത്തിലും അതിന്റെ വ്യാഖ്യാനങ്ങളിലും മാർഗ്ഗിദേശികൾ രണ്ടും ലൗകികസംഗീതത്തിൽ തന്നെയുള്ളതാണെന്നാണ് പറയുന്നത്.ഭരതാദി മഹർഷിമാരാൽ പരമശിവനു മുന്നിൽ പ്രയോഗിക്കപ്പെട്ട വ്യവസ്ഥാപിത സംഗീതം മാർഗവും ഓരോ ദേശത്തിലും പലമട്ടായി വ്യാപിച്ചിരിക്കുന്ന സംഗീതം ദേശിയും ആണെന്നു തുടർന്നു പറയുന്നു.

ആധുനികഭാരതീയ ശാസ്ത്രീയസംഗീതത്തെ ഹിന്ദുസ്ഥാനി,കർണാടകം എന്നിങ്ങനെ ലളിതമായി തിരിക്കാം.ഉത്തരേന്ത്യ മുതൽ അഫ്ഗാനിസ്ഥാൻ വരെയും നീളുന്ന വലിയൊരു ഭൂപ്രദേശത്തിന്റെ പ്രതിജനഭിന്നങ്ങളായ സംഗീതശൈലികൾ ഹിന്ദുസ്ഥാനിയിലുണ്ട്. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലിരിക്കുന്ന ശാസ്ത്രീയസംഗീതമാർഗ്ഗമാ‍ണ് കർണ്ണാടകസംഗീതം.

സ്വരം

മനോരഞ്ജകമായ നാദമാണ് സ്വരം.കർണ്ണാടകസംഗീതത്തിൽ ഏഴുസ്വരങ്ങൾ ആണുള്ളത്.സപ്തസ്വരങ്ങൾക്കു യഥാക്രമം ‘സരിഗമപധനി’എന്നു സംജ്ഞകൾ. ഷഡ്ജം,ഋഷഭം,ഗാന്ധാരം,മധ്യമം,പഞ്ചമം,ധൈവതം,നിഷാദം എന്നിങ്ങനെ യഥാക്രമം പ്രസ്തുത സ്വരങ്ങൾക്ക് പേരുകൾ.‌‘സ’മുതൽ ‘നി’വരെ ക്രമത്തിൽ ഉച്ചത്വം കൂടിയിരിക്കും.‌ ‘നി’കഴിഞ്ഞ് വീണ്ടും ‘സ’ആണ്.ഈ രണ്ടാമത്തെ ‘സ’ ആദ്യത്തെ ‘സ’ യുടെ നേരെ ഇരട്ടി ഉച്ചത്വം ഉള്ളതായിരിക്കും.ഇങ്ങനെ ഷഡ്ജം മുതൽ അടുത്ത ഷഡ്ജം വരെയുള്ള എട്ടു സ്വരങ്ങളെ സ്വരാഷ്ടകം എന്നു പറയുന്നു.സ്വരാഷ്ടകത്തിൽ സരിഗമ എന്ന ഭാഗത്തെ പൂർവ്വാംഗം എന്നും പധനിസ എന്ന ഭാഗത്തെ ഉത്തരാംഗം എന്നും പറയുന്നു.

ശ്രുതി

ഷഡ്ജം മുതൽ നിഷാദം വരെ ഉച്ചത്വം കൂടിയാണല്ലോ ഇരിക്കുന്നത്.ഈ ഉച്ചത്വത്തിന്റെ അളവിനെ ശ്രുതി എന്നു പറയുന്നു.അങ്ങനെ,ഋഷഭം ഷ്ഡ്ജത്തേക്കാൾ ശ്രുതി കൂടിയതും ഗാന്ധാരം ഋഷഭത്തേക്കാൾ ശ്രുതി കൂടിയതുമാണ്.

ശ്രുതിയെന്ന പദം വേറെ രണ്ടർത്ഥത്തിൽ കൂടി സംഗീതത്തിൽ പൊതുവേ ഉപയോഗിച്ചുകാണാം.ഒന്നാ‍മതായി,ഒരാൾ ഏതു ധ്വനിയെ ആധാരമാക്കി പാടുന്നുവോ അതിനെ അയാളുടെ ശ്രുതി എന്നു പറയും.രണ്ടാമതായി,ഒരു സ്വരാഷ്ടകത്തിനകത്ത് സ്പഷ്ടമായും പരസ്പരം ഭിന്നമായും കേൾക്കാവുന്ന ധ്വനിവിശേഷങ്ങളെ ‘ശ്രുതികൾ’എന്നു പറയുന്നു.ഇത്തരത്തിലുള്ള ശ്രുതികൾ എത്ര എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും നിലവിലുണ്ട്.ശ്രുതികൾ ഇരുപത്തിരണ്ട് എന്നാണ് പൊതുവേ സ്വീകരിച്ചിട്ടുള്ള അഭിപ്രായം എന്നു മാത്രം പറഞ്ഞു നിർത്താം.


പതിനാറു സ്വരങ്ങളും പന്ത്രണ്ട് സ്വരസ്ഥാനങ്ങളും

ഇരുപത്തിരണ്ടു ശ്രുതികളുടെ അടിസ്ഥാനത്തിൽ ഓരോ സ്വരത്തിനും ശുദ്ധ-വികൃതഭേദമുണ്ടെങ്കിലും ആധുനികസംഗീതസമ്പ്രദായമനുസരിച്ച് സപ്തസ്വരങ്ങളിൽ ഷഡ്ജപഞ്ചമങ്ങൾ ഭേദമില്ലാത്തവയുംമധ്യമം രണ്ടുവിധമായ ഭേദത്തോടു കൂടിയതും,ശേഷിച്ച നാലുസ്വരങ്ങളും മുമ്മൂന്നു ഭേദത്തോടു കൂടിയവയും ആണ്.അങ്ങനെ ആകെ പതിനാറു സ്വരഭേദങ്ങളുണ്ട്.അവ താഴെക്കൊടുക്കുന്നു.

1) ഷഡ്ജം

2) ശുദ്ധഋഷഭം

3) ചതുഃശ്രുതിഋഷഭം

4) ഷട്ശ്രുതിഋഷഭം

5) ശുദ്ധഗാന്ധാരം

6) സാധാരണഗാന്ധാരം

7) അന്തരഗാന്ധാരം

8) ശുദ്ധമദ്ധ്യമം

9) പ്രതിമദ്ധ്യമം

10) പഞ്ചമം

11) ശുദ്ധധൈവതം

12) ചതുഃശ്രുതിധൈവതം

13) ഷട്‌ശ്രുതിധൈവതം

14) ശുദ്ധനിഷാദം

15) കൈശികിനിഷാദം

16) കാകലിനിഷാദം

ഈ പതിനാറ് സ്വരങ്ങളെയും പന്ത്രണ്ട് സ്വരസ്ഥാനങ്ങളിലായി അടുക്കിയിരിക്കുന്നു.സ്വരങ്ങളെക്കുറിച്ചുള്ള സാമാന്യചിത്രം മാത്രമാണിത്.കൂടുതൽ വിശദമായി സ്വരങ്ങളെ പരിചയപ്പെടുന്നത് ഗുണകരമാണ്.

സ്ഥായി സ്വരങ്ങളുടെ നിലയെ സ്ഥായി എന്നു പറയുന്നു.മന്ദ്രം,മധ്യം,താരം എന്നിങ്ങനെ മൂന്നു വിധത്തിലാണു സ്ഥായികൾ.മന്ദ്രസ്ഥായിക്ക് തഗ്ഗുസ്ഥായി എന്നും താരസ്ഥായിക്ക് ഹെച്ചുസ്ഥായി എന്നും പേരുകളുണ്ട്.മന്ദ്രത്തിനു താ‍ഴെ അനുമന്ദ്രം എന്നൊരു സ്ഥായിയും താരത്തിനു മേലെ അതിതാരം എന്നൊരു സ്ഥായിയും പറയുന്നു.സംഗീതകൃതികളിൽ സാധാരണയായി മന്ദ്രപഞ്ചമം മുതൽ താരപഞ്ചമം വരെയാണ് സഞ്ചാരം കാണാറുള്ളത്.

രാഗം ദക്ഷിണാത്യസംഗീതത്തിലെ മർമ്മപ്രധാനമായ ഘടകമാണ് രാഗം.ലോകസംഗീതത്തിന് ഭാരതീയസംഗീതം നൽകിയ ഏറ്റവും വലിയ ഉപഹാരവും രാഗമായിരിക്കും.

“യോ സൌ ധ്വനിവിശേഷസ്തു സ്വരവർണ്ണവിഭൂഷിതഃ

രഞ്ജകോ ജനചിത്താനാം സ രാഗഃ കഥിതോ ബുധൈഃ”

എന്നു സംഗീതരത്നാകരം രാഗലക്ഷണം പറഞ്ഞിട്ടുണ്ട്.ഏതൊരു ധ്വനിവിശേഷമാണോ സ്വരങ്ങളാലും ആരോഹ്യാദികളായ വർണ്ണങ്ങളാലും അലങ്കരിക്കപ്പെട്ട് ശ്രോതാക്കളുടെ മനസ്സിനെ രഞ്ജിപ്പിക്കുന്നത് അതാണു രാഗം എന്നു സാരം.

ജനകം,ജന്യം

രാഗങ്ങളെ ജനകരാഗങ്ങളെന്നും ജന്യരാഗങ്ങളെന്നും രണ്ടാക്കി തിരിക്കാം.ജനകരാഗത്തിനു മേളകർത്താരാഗം,മേളരാഗം എന്നിങ്ങനെയെല്ലാം പേരുകളുണ്ട്. ജനകരാഗങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും.ഒന്നാമതായി ക്രമസമ്പൂർണ്ണമായ ആരോഹണവും അവരോഹണവും ഉണ്ടായിരിക്കും. അതായത് അരോഹണത്തിലും അവരോഹണത്തിലും സരിഗമപധനിസ,സനിധപമഗരിസ എന്നിവ ഈ ക്രമത്തിൽ തന്നെ വക്രത കൂടാതെ ഇരിക്കുന്നുണ്ടാവും. മറ്റൊന്ന് ആരോഹണത്തിലും അവരോഹണഠിലും ഒരേ സ്വരഭേദത്തിന്റെ നിവേശം ഉണ്ടായിരിക്കും എന്നതാണ്.ഉദാഹരണമായി അരോഹണത്തിൽ ശുദ്ധധൈവതമാണെങ്കിൽ, അവരോഹണത്തിലും ശുദ്ധധൈവതം തന്നെ ആയിരിക്കും. മറ്റൊന്ന്,മൂന്നു സ്ഥായിയിലും സഞ്ചാരമുണ്ടായിരിക്കും എന്നതാണ്.

ജനകരാഗങ്ങളിൽ നിന്ന് ഭിന്നമായവ,മേൽ‌പ്പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്തവ ജന്യരാഗങ്ങളാണ്.

മേളകർത്താരാഗങ്ങൾ

മേളകർത്താക്കൾ അതേ പേരിലല്ലെങ്കിലും വളരെ പ്രാചീനമായി തന്നെ നടപ്പുള്ളതും,പ്രാചീനഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതുമാണ്.മേളകർത്താരാഗങ്ങളുടെ എണ്ണം ഏറ്റവും ശാസ്ത്രീയമായ ഒരു മുറയിൽ ചിട്ടപ്പെടുത്തി ഒരു പദ്ധതി ആവിഷ്കരിച്ചത് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന വെങ്കിടമഖി എന്ന പണ്ഡിതനാണ്.അദ്ദേഹത്തിന്റെ ചതുർദണ്ഡീപ്രകാശിക എന്ന ഗ്രന്ഥത്തിൽ എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളെ പരിചയപ്പെടുത്തുന്നു.നാം മുൻപു പരിചയപ്പെട്ട പന്ത്രണ്ട് സ്വരസ്ഥാനങ്ങളും,ഈ പന്ത്രണ്ടു സ്വരസ്ഥാനങ്ങളുമായുള്ള പതിനാറുസ്വരങ്ങളുടെ പരസ്പരചേർച്ചയുമാണ് വെങ്കിടമഖിയുടെ മേളകർത്താപദ്ധതിക്ക് ആധാരമായിട്ടുള്ളത്.സ്വരങ്ങൾ പരസ്പരം ചേരുന്ന,സമന്വയിക്കുന്ന-വിവിധപാറ്റേണുകൾ വിവിധ രാഗങ്ങളാകുന്നു.ഇങ്ങനെ 72 വിധത്തിൽ ചേരുന്ന പാറ്റേണുകൾ ആണ് 72 മേളകർത്താരാഗങ്ങൾ.ഈ മേളകർത്താരാഗങ്ങളെ ഒരു ചക്രത്തിൽ ആറെണ്ണം വീതം പന്ത്രണ്ടു ചക്രങ്ങളിലായി നിവേശിപ്പിച്ചിരിക്കുന്നു.ഈ സംഗീതചക്രം നിങ്ങളിൽ മിക്കവരും കണ്ടു പരിചിതമായിരിക്കും.ഗോവിന്ദാചാര്യരുടെ ‘സംഗ്രഹചൂഡാമണി’ എന്ന ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന രാഗനാമങ്ങളാണ് ഇപ്പോൾ പ്രചുരപ്രചാരത്തിലുള്ള മേളകർത്താനാമങ്ങൾ.കനകാംബരി മുതൽ രസമഞ്ജരി വരെ നീളുന്ന ആ രാഗസംഘാതം ആണ് നാം ഇന്ന് മേളകർത്താരാഗങ്ങൾ,അഥവാ ജനകരാഗങ്ങൾ എന്നു വിളിച്ചുപോരുന്നത്.

ഏറ്റവും ശാസ്ത്രീയമായ നിലയിൽ സ്വരങ്ങളുടെ ചേർച്ചകൾ നിമിത്തം ഉണ്ടാകാവുന്ന ജനകരാഗങ്ങൾ മേളകർത്താരാഗങ്ങളുടെ നിശ്ചയത്തിലൂടെ ക്ലിപ്തപ്പെടുത്തപ്പെട്ടു.എന്നാൽ ഈ എഴുപത്തിരണ്ടു മേളകർത്താരാഗങ്ങളും ഇപ്പോൾ നിലവിലുള്ളതായി കരുതരുത്.വെങ്കിടമഖിയുടെ കാലത്തുതന്നെ ഇവയിൽ പത്തൊമ്പത് എണ്ണമേ നിലവിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.ജനകരാഗങ്ങൾ ആദ്യമുണ്ടായെന്നും ജന്യരാഗങ്ങൾ അതിൽ നിന്നുണ്ടായതാണെന്നും കരുതേണ്ടതില്ല.വസന്ത,മോഹനം,നീലാംബരി മുതലായ എത്രയോ ജന്യരാഗങ്ങൾ വളരെ പ്രാചീനമായിത്തന്നെ നടപ്പുള്ളതാണ്.

ജന്യരാഗങ്ങൾ മുൻപ് ജനകരാഗങ്ങൾക്കു പറഞ്ഞ ലക്ഷണങ്ങൾക്കു വിരുദ്ധമായ സ്വഭാവങ്ങൾ ഉള്ളവയായിരിക്കും.വർജരാഗങ്ങൾ,വക്രരാഗങ്ങൾ,ഭാഷാംഗരാഗങ്ങൾ മുതലായി അപ്രകാരം ജന്യരാഗങ്ങൾക്ക് നിരവധി വിഭജനങ്ങൾ ഉണ്ട്.
സംഗീതത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനാരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഇവ.തുടർന്നു വരുന്ന രാഗങ്ങളെക്കുറിച്ചുള്ള പംക്തിയിൽ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാവുന്നതാണ്.

- വികടശിരോമണി -