Wednesday, October 13, 2010

പാനിക് അറ്റാക്ക്

പ്രായം ഇരുപത്തിരണ്ടുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ശ്രീലത ഒരുദിവസം രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇപ്പോള്‍ മരിച്ചുപോകും എന്ന പരിഭ്രാന്തിമൂലം ശ്രീലത ഉടന്‍ ബസ്സില്‍നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് സമീപത്തുള്ള ആസ്​പത്രിയിലെത്തി. ഉടന്‍ തന്നെനിരവധി പരിശോധനകള്‍ക്ക് വിധേയമാകുകയും അതിലൊന്നും പ്രശ്‌നമില്ലെന്നു കാണിക്കുകയും ചെയ്തു. 


പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയത്തിനുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും ആശ്വാസത്തോടെ ജോലിക്കുപോകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം അനുഭവപ്പെടുകയും തന്മൂലം പുറത്ത് ഇറങ്ങാനുള്ള പേടിമൂലം ശ്രീലതയ്ക്ക് ജോലി രാജിവെക്കേണ്ടതായും വന്നു. നിരാശ ബാധിച്ച ശ്രീലത അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം 'ഹാര്‍ട്ട് അറ്റാക്ക്' അല്ല 'പാനിക് അറ്റാക്ക്' ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടുകൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റു ചികിത്സകള്‍കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം. 

അഗോറഫോബിയ
View Slideshow ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ. 

ലക്ഷണങ്ങള്‍ 
ഇനി പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം. കാരണംകൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. 

ചികിത്സ: 
മനോരോഗ വിദഗ്ധരുടെ ചികിത്സാ രീതി താഴെപ്പറയും വിധത്തിലായിരിക്കും. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍.

ഔഷധ ചികിത്സ: ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്‍റി ഡിപ്രസന്‍സ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്‌ളൂവോക്‌സെറ്റിന്‍, ഫ്‌ളൂവോക്‌സിന്‍, സെര്‍ട്രാലിന്‍, പരോക്‌സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്‌സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുംനിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു


Monday, October 11, 2010

ഞാന്‍


ശരാശരി തലത്തില്‍ ചിന്തിക്കുകയും ആ ചിന്തകള്‍ കഴിയും വിധം
പ്രവര്‍ത്തിയിലേക്ക് കൊണ്ടു വരികയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍.

എനിക്ക് എന്‍റെതായ കാഴ്ചപ്പാടുകള്‍ ഉണ്ട്, വ്യക്തിത്വമുണ്ട്, സ്വാതന്ത്ര്യം ഉണ്ട്.
ചിലപ്പോഴെങ്കിലും അതുകൊണ്ട് തന്നെ ഞാന്‍ ഒരു താന്തോന്നിയും നിഷേധിയും ഒക്കെയാണ് .. (എന്നെ അടുത്ത് അറിയുന്നവര്‍ക്ക്)
എങ്കിലും സൗഹൃദം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്.
ആരോടും പെട്ടെന്ന് ഇണങ്ങാനും പിണങ്ങാനും കഴിയുന്ന,
സ്വന്തം മനോരാജ്യങ്ങളില്‍ രാപകല്‍ ഭേദമെന്യ വിഹരിക്കാന്‍ ഇഷ്ടപ്പെടുന്ന,
മഴയും പുഴയും വാചകമടിയും ഒരുപാടു ഇഷ്ടപെടുന്ന,
സ്കൂള്‍ ദിനവും, കലാലയ ദിനവും, ഒക്കെ വെറുതെ ഓര്‍ക്കാന്‍ ആഗ്രഹമുള്ള,
ഏകാന്തതയെ പ്രണയിക്കുകയും ഒപ്പം തന്നെ ചിലപ്പോളെല്ലാം വെറുക്കുകയും ചെയ്യുന്ന,
എവിടെനിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന (ഒരിക്കലും അതിന് സാധിക്കാത്ത)
ഒരുപാടു സുഹൃത്തുക്കളുണ്ടായിട്ടും ചിലപ്പോഴൊക്കെ അവരില്‍ നിന്നും വേറിട്ട മനസുമായി എവിടേക്കോ പോകുന്ന,
ഈ ജീവിതം മുഴുവന്‍ നാട്ടിന്‍പുറത്തിന്‍റെ വിശുദ്ധിയും പവിത്രതയും
സൗന്ദര്യവും ഇഷ്ടപെടുന്ന.....
ഒരു തനി നാട്ടിന്‍ പുറത്തുകാരന്‍.
ഉള്ളത് കൊണ്ട് സന്തോഷത്തോടെയും സമധാനത്തോടെയും
ജീവിതം ആര്‍മാദിക്കണം എന്ന് കരുതുന്ന അലസന്‍ ..
വെറും അപ്രശസ്തന്‍ എന്നാല്‍ വിശ്വസ്തന്‍.....ഇതാണ് ഞാന്‍ എന്ന വൃക്തി...

ഇനിയൊരു നൂറു തവണ ജനിക്കേണ്ടി വന്നാലും എനിക്കു സന്തോഷമേ ഉള്ളൂ.
പക്ഷേ അപ്പോഴും എന്‍റെ ജന്മനാട് ...കേരളമായിരിക്കണം ..
ഇന്നലെകള്‍ എന്നോട് പറഞ്ഞത് ഇന്നേക്കായി കാത്തിരിക്കാനായിരുന്നു.
കുട്ടികാലത്ത് ശാസ്ത്ര സാഹിത്യകലാ രംഗത്ത് അതിനിപുണനായിരുന്നു (!!)
പതിനഞ്ചാമത്തെ വയസ്സില്‍ ഒരു കുഴിനഖം വന്ന് അമ്മാതിരി സിദ്ധികളൊക്കെ കൈമോശം വന്നു.
എന്നെപ്പറ്റി നാലാളെങ്കിലും നല്ലത് പറയണം എന്നൊക്കെ ആഗ്രഹമുണ്ട്.
ആരും പറയാന്‍ തയ്യാറാവാത്തതുകൊണ്ട് ഞാന്‍ തന്നെ പറയാം.......
സദ്‌ സ്വഭാവി ,സദ്‌ ഗുണസമ്പന്നന്‍ , സത്യസന്ധന്‍ , ശ്ശ്യൊ,.... എന്നെ വിശേഷിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
ചുരുക്കത്തീപ്പറഞ്ഞാ ഒരൊന്നൊന്നര ഒന്നേമുക്കാല്‍ മാന്യന്‍ .
....വിശ്വാസം ആയില്ല അല്ലേ ...അമ്മയാണു സത്യം !!!
സ്വാഗതം സുഹൃത്തേ...അടുക്കും ചിട്ടയും ഇല്ലാത്ത..
എന്‍റെ കൊച്ചു ജീവിതത്തിലേക്ക്.

പഴയ സുഹൃത്തുക്കളുമായി സമ്പര്‍ക്കത്തില്‍ ഇരിക്കാനും പുതിയ സുഹൃത്തുക്കളുമായി കൂട്ടുകെട്ടുണ്ടാക്കാനും ഞാന്‍ ഇഷ്ട്ടപ്പെടുന്നു. പക്ഷെ താങ്കളുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വെറും ഒരു നമ്പര്‍ ആയി മാത്രം താങ്കളുടെ പ്രൊഫൈലില്‍ കടന്നു കൂടാന്‍ എനിക്ക് താല്പര്യം ഇല്ല. ഞാന്‍ സ്ക്രാപ്പ് അയച്ചാല്‍ അതിന് മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു. അതുപോലെ താങ്കളുടെ സ്ക്രാപ്പുകള്‍ക്ക് ഞാന്‍ സമയാസമയം മറുപടി അയക്കുന്നതുമായിരിക്കും. ഒരു കാര്യം കൂടി...എനിക്ക് ദൈവവിശ്വാസം ആവിശ്യത്തിനുണ്ട്. ആരും ജാതി/മതപുരോഗമനത്തിന് വേണ്ടി എന്നേ സമീപിക്കരുത്; അതില്‍ എനിക്ക് അശ്ശേഷം താല്പര്യമില്ല.